കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം പരമാവധി വേഗത്തിൽ തിരികെ നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കരുവന്നൂർ ബാങ്കിലെ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കരുവന്നൂരിലെ ക്രമക്കേട് പുറത്തുവന്നപ്പോൾ തന്നെ സംസ്ഥാന സർക്കാരും സഹകരണ വകുപ്പും കർശന നപടികളാണ് സ്വീകരിച്ചത്. അതിന്റെ ഭാഗമായി 18 കേസുകൾ രജിസ്റ്റർ ചെയ്തു. വിജിലൻസ് അന്വേഷണവും ഒമ്പതംഗ സംഘത്തിന്റെ പ്രത്യേക അന്വേഷണവും ആരംഭിച്ചു. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 184.6 കോടി രൂപ മൂല്യം വരുന്ന 162 ആധാരങ്ങളും മറ്റ് രേഖകളും ബാങ്കിൽ നിന്ന് പിടിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ട്. അതിനാൽ തിരിച്ചടവ് സ്വീകരിക്കാനുള്ള പ്രശ്‌നം നിലനിൽക്കുന്നു. ഈ രേഖകൾ തിരികെ ലഭിക്കുന്നതിന് നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ച പാക്കേജ് പ്രകാരം നിക്ഷേപകർക്ക് ഏകദേശം 73 കോടി രൂപ തിരികെ നൽകി. ബാക്കിയുള്ള തുക കഴിയുന്നതും വേഗത്തിൽ നിക്ഷേപകർക്ക് നൽകും. പുതുക്കിയ പാക്കേജ് വഴി 50.75 കോടി രൂപ സമാഹരിച്ച് നിക്ഷേപകർക്ക് അടിയന്തരമായി ലഭ്യമാക്കും. കേരള ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന തുകയും കൺസ്യൂമർ ഫെഡ് / സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ലഭിക്കേണ്ടതും സംഘങ്ങളിൽ നിന്ന് നിലവിലെ അനുമതി അനുസരിച്ച് ഇനിയും സംഭരിക്കാവുന്നതും ഫണ്ട് ബോർഡിൽ നിന്ന് നിലവിലെ ഉത്തരവുപ്രകാരം ലഭിക്കാവുന്നതും പ്രാഥമിക സംഘങ്ങളിൽ നിന്ന് പുതിയതായി സംഭരിക്കുന്നതുമായ തുകയും ചേർത്താണ് ഈ ഫണ്ട് സമാഹരിക്കുക. സ്ഥിര നിക്ഷേപകർക്കും സേവിംഗ്‌സ് നിക്ഷേപകർക്കുമായി ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂർ ബാങ്കിലെ പ്രശ്‌ന പരിഹാരത്തിനായി കേരള ബാങ്കിൽ നിന്ന് പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥനെ ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിക്കും. ആർബിറ്ററേഷൻ റിക്കവറി നടപടികൾ ശക്തമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
നിലവിൽ സഹകരണ മേഖലയെ മോശമാക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ വിവിധ കോണുകളിൽ നടക്കുന്നുണ്ട്. ഈ ശ്രമങ്ങളൊന്നും വിലപ്പോകില്ല. അത്രയ്ക്ക് അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല. സാമൂഹ്യപ്രതിബദ്ധതയിൽ ഊന്നിയ പ്രവർത്തനമാണ് സഹകരണ പ്രസ്ഥാനങ്ങൾ നടത്തുന്നത്. ഈ മേഖലയുടെ നിലനിൽപ് നാടിന്റെ ആവശ്യമാണ്. സഹകരണ രംഗത്തെ കുറ്റമറ്റമാക്കാനുള്ള വിപുലമായ നടപടികളും സർക്കാർ സ്വീകരിക്കും. സഹകരണ സംരക്ഷണ നിധി നടപ്പിലാക്കുന്നത് വഴി പ്രതിസന്ധിയിലായ എല്ലാ ബാങ്കുകളെയും സംരക്ഷിക്കാൻ കഴിയും. സമഗ്ര സഹകരണ നിയമ ഭേദഗതിയിലൂടെ പൂർണ സുതാര്യത ഉറപ്പാക്കി മുന്നോട്ട് പോകാൻ കഴിയുമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.
എറണാകുളം ഗസ്റ്റ് ഗൗസിൽ ചേർന്ന യോഗത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, സഹകരണ വകുപ്പ് സെക്രട്ടി മിനി ആന്റണി, സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി സുഭാഷ്, കേരള ബാങ്ക് സി.ഇ.ഒ പി.എസ് രാജൻ, കേരള ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ കെ.സി സഹദേവൻ, മറ്റ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, കരുവന്നൂർ ബാങ്ക് അഡ്മിനിട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

