എൻഡിഎയുടെ ഭാഗമാകാൻ നിരവധി തവണ ശ്രമിച്ചു; കെ ചന്ദ്രശേഖര റാവുവിനെതിരെ ആരോപണവുമായി പ്രധാനമന്ത്രി

നിസാമാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ രൂക്ഷമായി വിമർശിക്കുന്ന കെ ചന്ദ്രശേഖര റാവു എൻഡിഎ മുന്നണിയുടെ ഭാഗമാകാൻ നിരവധി തവണ ശ്രമിച്ചുവെന്നും അപ്പോഴെല്ലാം താൻ വിസമ്മതിച്ചുവെന്നുമാണ് നരേന്ദ്ര മോദി വ്യക്തമാക്കിയത്.

തെലങ്കാനയിലെ ജനങ്ങളെ വഞ്ചിക്കാൻ തനിയ്ക്ക് കഴിയില്ലെന്ന് താൻ ചന്ദ്രശേഖര റാവുവിനോട് തീർത്തുപറഞ്ഞുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിസാമാബാദിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2020ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാൽ ബിജെപി 48 സീറ്റുകളിൽ വിജയിച്ചു. അതോടെ കെ സി ആർ സ്‌നേഹത്തോടെ സമീപിക്കുകയും തന്നെ ഷാൾ അണിയിക്കുകയും ചെയ്തു. അദ്ദേഹം എൻഡിഎയിൽ ചേരണമെന്ന ആവശ്യം ഉന്നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് മുനിസിപ്പാലിറ്റിയിൽ പാർട്ടിയെ സഹായിക്കണമെന്ന് ചന്ദ്രശേഖര റാവു അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അത് താൻ നിഷേധിച്ചതോടെ ദേഷ്യമായി. അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്നും ഇനി ഉത്തരവാദിത്വങ്ങളെല്ലാം തന്റെ മകൻ കെ ടി രാമറാവുവിനെ ഏൽപ്പിക്കാൻ തീരുമാനിച്ചെന്നും പറഞ്ഞു. കെ ടി ആറിന്റെ തന്റെയടുത്തേക്ക് അയയ്ക്കാമെന്നും അദ്ദേഹത്തെ അനുഗ്രഹിക്കണമെന്നും പറഞ്ഞു. എന്നാൽ താൻ അത് നിഷേധിച്ചു. ഇത് ജനാധിപത്യമാണെന്ന് അദ്ദേഹത്തെ ഓർമിപ്പിച്ചുവെന്നും മോദി വ്യക്തമാക്കി.

കെടിആറിന് എല്ലാ ഉത്തരവാദിത്വവും കൈമാറാൻ താങ്കൾ ആരാണെന്ന് താൻ ചോദിച്ചു. താങ്കൾ ഒരു രാജാവാണോയെന്നും ചോദിച്ചു. അതിനുശേഷം അദ്ദേഹം തന്റെ മുന്നിൽ വന്നിട്ടില്ല. തന്നെ അഭിമുഖീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും ഒരു അഴിമതിക്കാരനും തന്റെ അടുത്ത് ഇരിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.