സുവർണക്ഷേത്രത്തിലെത്തി രാഹുൽ ഗാന്ധി; സന്നദ്ധപ്രവർത്തകർക്കൊപ്പം പാത്രം കഴുകി

ന്യൂഡൽഹി: അമൃത്സറിലെ സുവർണക്ഷേത്രത്തിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാന്ധിജയന്തി ദിനത്തിലാണ് അദ്ദേഹം സുവർണ ക്ഷേത്രത്തിലെത്തിയത്. ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിൽ രണ്ടു ദിവസം സേവനത്തിനായി തിങ്കളാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധി എത്തിയത്.

പഞ്ചാബിലെ പാർട്ടി നേതാക്കളെപോലും അറിയിക്കാതെയാണ് അദ്ദേഹം സ്വകാര്യസന്ദർശനം നടത്തിയത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഗുരുഗ്രന്ഥ അദ്ദേഹം സാഹിബിന് പട്ടു സമർപ്പിച്ചു. ഭക്തർ വെള്ളം കുടിക്കുന്ന ഗ്ലാസുകളും പാത്രങ്ങളും സന്നദ്ധപ്രവർത്തകർക്കൊപ്പം അദ്ദേഹം കഴുകുകയും ചെയ്തു.

മണ്ണുകൊണ്ടും വെള്ളം കൊണ്ടുമാണ് അദ്ദേഹം പാത്രം കഴുകിയത്. വൈകിട്ട് ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളിയായി. രാത്രി അവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ചയും സേവന പ്രവർത്തനം തുടരുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.