രാജസ്ഥാനിൽ 7000 കോടി രൂപയുടെ പദ്ധതികൾ; വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

ജയ്പൂർ: രാജസ്ഥാനിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 7000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് സംസ്ഥാനത്ത് തുടക്കമായത്. 4,500 കോടി ചെലവിൽ നിർമിച്ച മെഹ്സാന- ബട്ടിൻഡ- ഗുർദാസ്പുർ ഗ്യാസ് പൈപ്പ്‌ലൈൻ, 1480 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ദാരാ-ജലാവർ-തീന്ദർ സെക്ഷനിലെ നാലുവരിപ്പാത തുടങ്ങിയ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.

സ്വദേശ് ദർശൻ സ്‌കീമിന് കീഴിൽ നഥദ്വാരയിൽ (രാജ്‌സമന്ദ്) ടൂറിസം സൗകര്യങ്ങൾ, നഥദ്വാരയിലെ ആധുനിക ടൂറിസ്റ്റ് ഇന്റർപ്രെറ്റേഷൻ ആൻഡ് കൾച്ചറൽ സെന്റർ, കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ (ഐഐഐടി) സ്ഥിര കാമ്പസ് തുടങ്ങിയ പദ്ധതികളും ഇവയിൽ ഉൾപ്പെടുന്നു.

രാജസ്ഥാന്റെ വികസനത്തിന് തന്റെ സർക്കാർ മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജസ്ഥാനിൽ ഭൂതകാലത്തിന്റെ പൈതൃകവും വർത്തമാന കാലത്തിന്റെ ശക്തിയും ഭാവിയുടെ സാധ്യതകളുമുണ്ട്. രാജസ്ഥാന്റെ ഈ ‘ത്രിശക്തി’ രാജ്യത്തിന്റെ കരുത്ത് വർധിപ്പിക്കും. സംസ്ഥാനത്ത് ഇന്ന് തുടക്കം കുറിച്ച വിവിധ വികസന പദ്ധതികൾ ജനങ്ങളുടെ ജീവിതം എളുപ്പമാക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.