ഗൂഗിൾ മാപ്സ് വഴിതെറ്റിച്ചതിനെ തുടർന്നുണ്ടായ അപകടങ്ങളുടെ വാർത്തകൾ എത്തിത്തുടങ്ങി. ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് കാറിൽ യാത്ര ചെയ്ത രണ്ടു യുവ ഡോക്ടർമാരാണ് വഴി തെറ്റി പുഴയിൽ വീണ് മരിച്ചത്. ഇതിന്റെയെല്ലാം സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്.
ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. ഗൂഗിൾ മാപ്സ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ വിവരിക്കുകയാണ് കേരള പൊലീസ്.ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷൻ വഴി റിപ്പോർട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനിൽ add or fix road എന്ന ഓപ്ഷൻ വഴി പ്രശ്നം റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാർക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം എന്നതുൾപ്പടെ നിരവധി നിർദേശങ്ങളാണ് പോലീസ് അറിയിക്കുന്നത്

