ലഖ്നൗ: അപകീർത്തി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ്. ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വിഡി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന ഹർജിയിലാണ് ലഖ്നൗ ജില്ല സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ റിവിഷൻ ഹർജി ഫയൽ ചെയ്തത്. ജഡ്ജി അശ്വിനി കുമാർ ത്രിപാഠിയാണ് നോട്ടീസ് അയച്ചത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ പരാമർശം നടത്തിയത്. മാപ്പ് പറയാൻ ഞാൻ സവർക്കറല്ല എന്ന പരാമർശമാണ് രാുലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പല വേദികളിലും രാഹുൽ ഗാന്ധി സവർക്കറിനെതിരെ സംസാരിച്ചിട്ടുണ്ട്. സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് പണം വാങ്ങി, മാപ്പ് പറയാൻ താൻ സവർക്കറല്ല തുടങ്ങിയ പരാമർശങ്ങളായിരുന്നു ഇവയിൽ ഏറെയും.
അതേസമയം, ഈ പരാമർശങ്ങൾ സവർക്കറെ അപമാനിക്കുന്നതാണെന്ന് വ്യക്തമാക്കി കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.

