നമുക്ക് ഇന്ത്യയെ വൃത്തിയായി സൂക്ഷിക്കാം; പ്രധാനമന്ത്രിയ്ക്ക് പിന്തുണ അറിയിച്ച് രജനികാന്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി തമിഴ് സൂപ്പർ താരം രജനികാന്ത്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണം നടത്തിയതിനാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് പിന്തുണ അറിയിച്ചത്. ആരോഗ്യകരമായ അന്തരീക്ഷം ആരംഭിക്കുന്നത് വൃത്തിയുള്ള അന്തരീക്ഷത്തിൽ നിന്നാണെന്നും നമുക്ക് ഇന്ത്യയെ വൃത്തിയായി സൂക്ഷിക്കാമെന്നും രജനികാന്ത് പറഞ്ഞു. എക്‌സ് മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർ അങ്കിത് ബൈയൻപുരിയയോടൊപ്പമാണ് പ്രധാനമന്ത്രി ശുചീകരണ പ്രവർത്തികൾ നടത്തികൾ. ഇതിന്റെ ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായത്.

ഇന്ത്യ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അങ്കിത് ബയാൻ പുരിക്കൊപ്പം ശുചിത്വ മിഷന്റെ ഭാഗമാകുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഫിറ്റ്നസും ആരോഗ്യവും ചർച്ചാ വിഷയമാണെന്നും ശുചിത്വമുളള ആരോഗ്യകരമായ ഭാരതമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.