ഹാഫിസ് സയീദിന്റെ കൂട്ടാളി മുഫ്തി ഖൈസർ ഫാറൂഖ് കൊല്ലപ്പെട്ടു

കറാച്ചി: ലഷ്‌കർ ഇ തൊയ്ബയുടെ (എൽഇടി) പ്രമുഖ നേതാക്കളിലൊരാളായ മുഫ്തി ഖൈസർ ഫാറൂഖ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. കറാച്ചിയിൽ വെച്ച് അജ്ഞാതർ ഇയാളെ വെടിവെച്ചു കൊന്നുവെന്നാണ് വിവരം.

26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയാണ് ഇയാൾ. സമനാബാദ് പ്രദേശത്തെ ഒരു മതസ്ഥാപനത്തിന് സമീപം നടന്ന ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം.

ആക്രമണത്തിൽ മുഫ്തി ഖൈസർ ഫാറൂഖിന്റെ മുതുകിലാണ് വെടിയേറ്റത്. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശനിയാഴ്ചയാണ് ഈ ആക്രമണം നടന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.