ലോക്‌സഭാ തെരഞ്ഞെടുപ്പ്; എൻഡിഎയിൽ നിന്നും പ്രതിപക്ഷ മുന്നണി ഇന്ത്യയിൽ നിന്നും അകലം പാലിക്കുമെന്ന് മായാവതി

ലക്‌നൗ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മത്സരവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ബിഎസ്പി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിൽ നിന്നും പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യിൽ നിന്നും അകലം പാലിക്കുമെന്ന് മായാവതി വ്യക്തമാക്കി.

പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മായാവതി ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.

വ്യാജവാർത്തകളെക്കുറിച്ചു ജാഗ്രത ഉണ്ടാവണം. രാഷ്ട്രീയ ഗൂഢാലോചനകളിൽ ബിഎസ്പി വിരുദ്ധത ഇപ്പോഴുമുണ്ട്. ഇതിനെതിരായ മുൻകരുതൽ എല്ലാതലത്തിലും സ്വീകരിക്കണണമെന്ന് മായാവതി അറിയിച്ചു.

രാജ്യത്ത് പണപ്പെരുപ്പം, തൊഴിലില്ലായ്മ, അതിദാരിദ്ര്യം, വരുമാനം കുറവ്, മികച്ച ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ നിലവിലുണ്ട്. ഇവയൊക്കെ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാകുമോ എന്നതു സംശയമാണെന്നും പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ ബിജെപിയുടെയും കോൺഗ്രസിന്റെയും സമീപനം ഒരുപോലെയാണെന്നും മായാവതി ചൂണ്ടിക്കാട്ടി. ഇത് ജനവിരുദ്ധമാണെന്നും ഇവർ കൂട്ടിച്ചേത്തു.