ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ; ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോയെന്ന ചോദ്യവുമായി ഹൈക്കോടതി. ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ എന്ന് സാമാന്യ ബോധം ഉപയോഗിച്ച് പൊലീസ് പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിച്ചതിന് 63 രൂപ നഷ്ടമുണ്ടായി എന്ന കേസിലെ കുറ്റപത്രം റദ്ദാക്കിയാണ് കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ശാസനയിൽ ഒതുക്കേണ്ട കേസുകൾക്ക് പോലും കുറ്റപത്രം സമർപ്പിക്കുന്നത് കോടതികൾക്ക് ബാധ്യത ഉണ്ടാക്കുന്നുവെന്നും കോടതിയുടെ വിലപ്പെട്ട സമയമാണ് ഇത്തരം കേസുകൾ കാരണം നഷ്ടപ്പെടുന്നതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.