സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന നിർദ്ദേശം പാലിച്ചില്ല; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന നിർദ്ദേശം പാലിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ട വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജസ്റ്റിസ് ദേവനാണ് ഇക്കാര്യം അറിയിച്ചത്.

ട്രാഫിക് ലൈറ്റുകൾ പലയിടത്തും ശരിയായ രീതിയിൽ അല്ല സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പിഡബ്ല്യുഡി സെക്രട്ടറി, ട്രാഫിക് ഐജി, സംസ്ഥാന പോലീസ് മേധാവിയടക്കമുള്ളവർ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയുന്ന തരത്തിൽ മുഖ്യ റോഡുകളിലെല്ലാം സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് ജനുവരി 25-നാണ്. ഉത്തരവ് പുറപ്പെടുവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സീബ്ര ക്രോസിംഗ് റൂൾസ് ഫലപ്രദമായി നടപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.