ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് രാജ്യം; വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡൽഹി: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് രാജ്യം. വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ വനിത സംവരണ ബിൽ യാഥാർത്ഥ്യമായി. ഇതിന്റെ വിജ്ഞാപനം പിന്നീട് പുറത്തിറങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ബില്ലിൽ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. ഇതിന് ശേഷമാണ് ബില്ല് ഒപ്പിടാനായി രാഷ്ട്രപതിക്ക് കൈമാറിയത്. ലാക്സഭയും രാജ്യസഭയും കഴിഞ്ഞ ദിവസങ്ങളിൽ ബേിൽ പാസാക്കിയിരുന്നു. 215 പേരാണ് രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ചത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് (33 ശതമാനം) വനിതകൾക്ക് സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണിത്.

ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊർജ്ജമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 454 പേരാണ് ലോകസഭയിൽ ബില്ലിനെ അനുകൂലിച്ചത്.

നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ലോകസഭയിൽ ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് നൽകിയിരിക്കുന്ന പേര്.