ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ് നടത്തിയത്. പാക്കിസ്ഥാൻ, കാനഡ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുള്ളവരുടെ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. പഞ്ചാബിൽ മാത്രം 30 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തി.
ലോറൻസ് ബിഷ്‌ണോയ്, അർഷ്ദീപ് ദല്ല തുടങ്ങിയ ഗുണ്ടാ നേതാക്കളുമായി ബന്ധമുള്ള 51 സ്ഥലങ്ങളിലായിരുന്നു പരിശോധന. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിങ് റിന്ദ, യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുർപട്‌വന്ത് സിങ് പന്നു എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും റെയ്ഡ് നടന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം എൻഐഎ പരിശോധന സംഘടിപ്പിച്ചു.
നേരത്തെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ 1,000 സ്ഥലത്ത് എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

