സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു; അന്ത്യം കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ

തിരുവനന്തപുരം: സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 78 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു കെ ജി ജോർജ് കഴിഞ്ഞിരുന്നത്. 19 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

1945 മെയ് 24ന്.തിരുവല്ലയിലാണ് കെ ജി ജോർജ് ജനിച്ചത്. സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനാണ് കെ ജി ജോർജ്. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ അദ്ദേഹം പുണെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും സിനിമാ സംവിധാനം കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്.

സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. സ്വപ്‌നാടനമാണ് കെ ജി ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വപ്‌നാടനം സ്വന്തമാക്കിയിട്ടുണ്ട്. സ്വപ്‌നാടനം എന്ന ചിത്രത്തിന് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.

ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റ് പ്രധാന ചിത്രങ്ങൾ. ഇവയിൽ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇലവങ്കോടുദേശം ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 1998 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

2003ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷനായിരുന്നു കെ ജി ജോർജ്. ദേശീയ ഫിലിം അവാർഡ് ജൂറി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ അദ്ദേഹത്തിന് ജെ സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചു.