വസ്ത്ര നിയമ ലംഘനത്തിന് ശിക്ഷ കടുപ്പിച്ച് ഇറാൻ; 10 വർഷം ജയിൽ ശിക്ഷ

ടെഹ്‌റാൻ: വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകൾക്കുള്ള ജയിൽ ശിക്ഷ കർശനമാക്കി ഇറാൻ. പാർലമെന്റ് നിയമം ലംഘിക്കുന്നവർക്ക് ഹിജാബ് ബിൽ പ്രകാരം ഇനി മുതൽ 10 വർഷം വരെയാണ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരിക. മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നിയമം നടപ്പാക്കാനാണ് പാർലമെന്റ് അനുമതി നൽകിയത്.

ഹിജാബ് ബില്ലിനെ അനുകൂലമായി 152 പേർ വോട്ട് ചെയ്തു. 34 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ ഏഴ് പേർ വിട്ടുനിന്നു. മതപണ്ഡിതരും നിയമവിദഗ്ധരും അടങ്ങുന്ന മേൽനോട്ട സമിതിയായ ഗാർഡിയൻ കൗൺസിൽ ബില്ലിന് അംഗീകാരം നൽകുമ്പോൾ മാത്രമേ ഇത് നിയമമാകൂ. 1979 മുതൽ നിലവിലുള്ള നിർബന്ധിത വസ്ത്രധാരണ രീതി ഇറാനികൾ, പ്രത്യേകിച്ച് സ്ത്രീകൾ എങ്ങനെ അനുസരിക്കണമെന്നാണ് പുതിയ ബിൽ നിർദ്ദേശിക്കുന്നത്.

ഇറുകിയ വസ്ത്രം, കഴുത്തിന് താഴെയോ കണങ്കാലിന് മുകളിലോ കൈത്തണ്ടയ്ക്ക് മുകളിലോ ശരീരഭാഗങ്ങൾ കാണുന്ന വസ്ത്രം എന്നിവയൊന്നും പാടില്ലെന്ന് ബില്ലിൽ പറയുന്നു. പുരുഷന്മാരെ സംബന്ധിച്ച് നെഞ്ചിന് താഴെയോ കണങ്കാലിന് മുകളിലോ ശരീര ഭാഗങ്ങൾ കാണുന്ന വസ്ത്രം ധരിക്കരുതെന്നും നിർദ്ദശിച്ചിട്ടുണ്ട്.

സർക്കാർ, നിയമ നിർവ്വഹണ, സൈനിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തങ്ങളും ജീവനക്കാരും നിർബന്ധിത ഹിജാബ് നിയമങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനം തടയുന്നതിനും ശ്രദ്ധിക്കണമെന്നും ബില്ലിൽ പറയുന്നു.