മലപ്പുറം: മുത്തലാഖ് നിരോധനത്തിന് ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ബിജെപിക്കെന്ന പരാമർശത്തിൽ പ്രതികരണവുമായി മുസ്ലിംലീഗ് എം പി പി വി അബ്ദുൽവഹാബ്. രാജ്യസഭയിൽ പരിഹാസ രൂപേണ പറഞ്ഞത് വിവാദമാക്കുകയായിരുന്നെന്നാണ് വഹാബിന്റെ വിശദീകരണം. പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം അടർത്തിമാറ്റി തനിക്കെതിരായി ഉപയോഗിക്കുകയായിരുന്നു. ബിജെപിയെ വളരെ പരസ്യമായി എതിർത്തതാണന്നും അദ്ദേഹം അറിയിച്ചു.
ബിജെപിക്കാർ മുത്തലാഖ് എന്ന് എപ്പോഴും പറയുന്നവരാണ്. മുസ്ലിം വനിതകളെ വിമോചിതരാക്കിയവരാണെന്ന ക്രെഡിറ്റ് അവകാശപ്പെടുന്ന സമയത്ത്, മുസ്ലിം സ്ത്രീകളൊക്കെ നിങ്ങളുടെ കൂടെയാണല്ലോ, അതുകൊണ്ട് സ്ത്രീകൾക്ക് സംവരണവും കൊടുക്കൂ എന്നാണ് പറഞ്ഞത്. ഈ വാക്കുകൾ അടർത്തി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം വനിതകൾ മുത്തലാഖ് നിരോധനത്തോടെ ബിജെപിയെ പിന്തുണയ്ക്കുന്നു എന്നായിരുന്നു വഹാബ് രാജ്യസഭയിൽ വ്യക്തമാക്കിയത്. രാജ്യസഭയിൽ വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെയായിരുന്നു വഹാബ് ഈ പരാമർശം നടത്തിയത്.

