കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ സർവീസ് ആരംഭിച്ചേക്കും; സമയക്രമം തയ്യാറായി

തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ സർവീസ് ആരംഭിച്ചേക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടക്കുക. രണ്ടാം വന്ദേഭാരതിന്റെ സമയമക്രമവും തയ്യാറായി.

രാവിലെ ഏഴു മണിക്ക് കാസർകോട് നിന്ന് യാത്ര ആരംഭിക്കുന്ന വന്ദേഭാരത് 3.05 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസർകോട് എത്തും. ആഴ്ചയിൽ ആറു ദിവസം സർവീസുണ്ടായിരിക്കും.

അതേസമയം, വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ജനപ്രിയമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന സ്ലീപ്പർ ട്രെയിനുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുമെന്നാണ് പുതിയ പ്രഖ്യാപനം. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ തന്നെ പുറത്തിറക്കുമെന്നും ആദ്യ ട്രെയിൻ 2024 മാർച്ചിൽ പുറത്തിറങ്ങുമെന്നും ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ജനറൽ മാനേജർ ബിജി മല്യ അറിയിച്ചിരുന്നു.