ലിബിയയിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഡാമുകൾ തകർന്ന് ഡെർനയിൽ പ്രളയമുണ്ടാവുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ ഇതുവരെ 11,000 ത്തിൽ കൂടുതൽ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇപ്പോഴും രക്ഷപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ചെളിയിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് തീവ്രശ്രമം. 10,100 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും മരണസംഘ്യ കൂടാനാണ് സാധ്യത. ഇനിയും പതിനായിരത്തിൽ കൂടുതൽ പേരെ കണ്ടെത്താനുള്ളത് കൊണ്ട് തന്നെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളിയാഴ്ച ഡെർന നഗരം അടച്ചു. നഗരത്തിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവർത്തകർ മാത്രമാണ് നിലവിൽ ഡെർനയിൽ തിരച്ചിൽ നടത്തുന്നത്.
ആഭ്യന്തര കലാപത്തിന്റെ കെടുതി തുടരുന്ന രാജ്യത്തില്‍ പ്രകൃതി ദുരന്തം കൂടി സംഭവിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി എന്ന് വേണം പറയാൻ. ലിബിയയെ രണ്ടായി മുറിച്ചാണ് നിലവില്‍ ഭരണം നടക്കുന്നത്.സൈനിക കമാന്‍ഡര്‍ ഖലീഫ് ഹിഫ്താറിന്റെ നിയന്ത്രണത്തിലാണ് കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ന സ്ഥിതിചെയ്യുന്നത്. ട്രിപ്പോളി അടക്കമുള്ള പടിഞ്ഞാറന്‍ ലിബിയന്‍ നഗരങ്ങള്‍ മറ്റൊരു സായുധ ഗ്രൂപ്പിന് കീഴിലാണ്. 42 വര്‍ഷം ലിബിയ ഭരിച്ച മുവമ്മര്‍ ഗദ്ദാഫിനെ 2011ല്‍ നാറ്റോയുടെ സഹായത്തോടെ വിമതര്‍ വധിച്ചതോടെയാണ് ലിബിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയത്. അതിന്റെ കൂടെ ഇപ്പോൾ പ്രകൃതി ദുരന്തം കൂടിയായത് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.
1970കളില്‍ നിര്‍മ്മിച്ച രണ്ടു ഡാമുകളാണ് കനത്ത മഴയെതുടർന്ന് തകര്‍ന്നത്. ഡാനിയേല്‍ കൊടുങ്കാറ്റിനെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, മാത്രമല്ല ഡെര്‍ന നഗരത്തിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും മാറി താമസിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഡാമുകളെ സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും നല്‍കിയിരുന്നില്ല. ഡാമുകള്‍ പൊട്ടി എത്തിയ വെള്ളമാണ് നഗരത്തെ അപ്പാടെ ദുരിതക്കയത്തിലാക്കിയത്.
ഡാമുകളില്‍ കൃത്യമായ അറ്റകുറ്റ പണികള്‍ നടക്കുന്നില്ലെന്ന് 2021ല്‍ സര്‍ക്കാര്‍ ഓഡിറ്റിങ് ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡാമുകളുടെ അറ്റകുറ്റ പണികള്‍ നടത്താനും മറ്റൊരു ഡാം നിര്‍മ്മിക്കാനും വേണ്ടി 2007ല്‍ ഒരു തുര്‍ക്കി കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. 2012 നവംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു എന്നും കമ്പനി പറയുന്നുണ്ട്.
രക്ഷ പ്രവർത്തനമല്ല മറിച്ച് മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ലിബിയയിൽ നടക്കുന്നത്. വലിയ കുഴികളെടുത്ത് നൂറുകണക്കിന് ശരീരങ്ങള്‍ ഒരുമിച്ച് കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. മരണസഖ്യ ഏകദേശം 18,000 മുതൽ 20,000 വരെയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കൃത്യ സമയത്ത് മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കൃത്യമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ മുന്നറിയിപ്പുകൾ നൽകാമായിരുന്നു. അതനുസരിച്ച് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ച് വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ രാജ്യത്തെ അണക്കെട്ടുകളുടെ കാര്യത്തിൽ പ്രവചനങ്ങൾ അസാധ്യമാണെന്ന അഭിപ്രായവും ഇതോടൊപ്പം ഉയരുന്നു വരുന്നുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനം ലോകത്തിന് മുഴുവൻ വെല്ലുവിളിയാണ് അവ മൂലം ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ പ്രവചനാതീതമായിരിക്കും എന്നും വിദഗ്ധർ ചൂണ്ടികാട്ടുന്നു

