പെൺ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത് : വിവാദ പരാമർശം, അലൻസിയറിനെതിരെ വൻ ജനരോഷം

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 സമർപ്പണ ചടങ്ങിൽ വിവാദ പ്രസ്താവനയുമായി നടൻ അലൻസിയർ. പെൺ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അലൻസിയറുടെ പ്രതികരണം. എന്നാൽ താരത്തിന്റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിനു സഹനടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരമാണ് അലൻസിയറിന് ലഭിച്ചത്.

സ്പെഷ്യൽ ജൂറി അവാർഡ് സ്വർണത്തിൽ പൊതിഞ്ഞ് തരണം. 25000 രൂപയും സ്പെഷ്യൽ ജൂറിയും തന്ന് ഞങ്ങളെ അപമാനിക്കരുത്. പെൺ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണം. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിർത്തും എന്നായിരുന്നു അലൻസിയർ അവാർഡ് വാങ്ങിയ ശേഷം വേദിയിൽ പറഞ്ഞത്.