കോഴിക്കോട്ട് ഒരാൾക്കു കൂടി നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് ഒരാൾക്കു കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 39 വയസ്സുകാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിപ്പ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നിലവിൽ നാലു പേരാണു ചികിത്സയിലുള്ളത്. നിപ്പ് ബാധിച്ച് ഒരാളുടെ മരണമാണ് സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളിന്റെ പരിശോധന നടത്താത്തതിനാൽ നിപ സ്ഥിരീകരിക്കാനായിട്ടില്ല.

അതേസമയം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 പേർ ആരോഗ്യ പ്രവർത്തകരാണ്‌.കഴിഞ്ഞ ദിവസം പരിശോധനയ്‌ക്കായി അയച്ച പതിനൊന്നുപേരുടെയും ഫലം നെഗറ്റീവായിരുന്നത് ആശ്വാസം നൽകിയ വാർത്തയായിരുന്നു.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നും അവധി പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്സിറ്റി, പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണ്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താമെന്നും അറിയിച്ചിട്ടുണ്ട്.