തിരുവഞ്ചൂരിന്റെ കെല്‍ട്രോണ്‍ പരാമര്‍ശം, നാക്ക് പിഴയല്ല, യുഡിഎഫ് രാഷ്ട്രീയം ;കടകംപള്ളി സുരേന്ദ്രന്‍

കെല്‍ട്രോണിനെതിരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശം നാക്ക്പിഴയല്ല, യുഡിഎഫ് രാഷ്ട്രീയമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിക്കുക, സ്വകാര്യവത്കരിക്കുക തുടങ്ങിയവ യുഡിഎഫിന്റെ രാഷ്ട്രീയമാണ്. കെല്‍ട്രോണിനെ തകര്‍ക്കാനുള്ള ശ്രമം യുഡിഎഫ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും തകര്‍ന്ന് കിടന്ന സ്ഥാപനത്തെ സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ ഒരിക്കലും തയ്യാറായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.’കെല്‍ട്രോണിനെ പഴയ പ്രതാപത്തില്‍ എത്തിക്കുമെന്ന് അറിയിച്ചാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ബജറ്റ് വിഹിതമായി 114 കോടി രൂപ അനുവദിച്ചതിനു പുറമെ 78 കോടി രൂപയുടെ ഓഹരിയാക്കി മാറ്റി. വീണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചു.’ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവുമായി, 2021-22 സാമ്പത്തിക വര്‍ഷം 522 കോടിയുടെ വിറ്റുവരവും 20 കോടിയുടെ അറ്റാദായവും കെല്‍ട്രോണ്‍ സ്വന്തമാക്കിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 2026ല്‍ 1000 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നാണ് വ്യവസായമന്ത്രി പറയുന്നത്. കെല്‍ട്രോണിനെയും കെല്‍ട്രോണിലെ ജീവനക്കാരുടെ പ്രയത്‌നത്തെയും അവഹേളിക്കുന്ന പ്രസ്താവന തിരുവഞ്ചൂര്‍ പിന്‍വലിക്കണമെന്ന് കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു