ക്ലോണിങ്ങിലൂടെ ആദ്യ ആടായ ഡോളി ദി ഷീപ്പിനെ സൃഷ്ടിച്ച ഇയാൻ വിൽമുട്ട് അന്തരിച്ചു. 79 വയസ്സായിരുന്നു. എഡിൻബർഗ് സർവകലാശാലയാണ് മരണ വിവരം പുറത്തുവിട്ടത്. പാർക്കിൻസൺസ് രോഗ ബാധിതനായിരുന്നു അദ്ദേഹം.
1996 ൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആട്ടിൻകുട്ടിക്കു ജന്മം നൽകിയ ശാസ്ത്രസംഘത്തെ നയിച്ചത് ഇയാൻ വിൽമുട്ട് ആയിരുന്നു. ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് അദ്ദേഹം ‘ഫ്രോസ്റ്റി’ എന്ന പശുക്കിടാവിനെ സൃഷ്ടിച്ചു. പിന്നീട്, സ്കോട്ലൻഡിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്നതോടെയാണു ‘ഡോളി’യുടെ ജനനത്തിൽ പങ്കാളിയാവുന്നത്. മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികൾ പുതുതലമുറയ്ക്ക് ജന്മം നൽകുന്ന ലൈംഗിക പ്രത്യുൽപാദന രീതിക്കു പകരം ആണിന്റെ സാന്നിധ്യം ഇല്ലാതെ 3 പെൺചെമ്മരിയാടുകളുടെ അണ്ഡകോശങ്ങൾ ക്ലോൺ ചെയ്ത് ഡോളിയെ സൃഷ്ടിച്ചതു ചരിത്രമായി. ലോകത്തിനു മുന്നിൽ അത്ഭുതമായി മാറിയ ഡോളി ദി ഷീപ്പിന്റെ സൃഷ്ടി ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായി. ജൈവ ധാര്‍മ്മികതയെ നിരാകരിക്കുന്നതാണ് ഡോളിയുടെ ജനനത്തിന് പിന്നിലെ ശാസ്ത്രമെന്ന് വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് മനുഷ്യ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്കുള്ള ഫണ്ട് നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകവരെയുണ്ടായി. വ്യത്യസ്ത കോശങ്ങളിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനികൾ മേഗൻ, മൊറാഗ് എന്നീ രണ്ട് വളർത്ത് ആടുകളാണെങ്കിലും പ്രായപൂർത്തിയായ ഒരു സോമാറ്റിക് സെല്ലിൽ നിന്ന് വിജയകരമായി ക്ലോൺ ചെയ്യപ്പെടുന്ന ആദ്യത്തെ മൃഗമായി ഡോളി എന്ന ആട് മാറുകയായിരുന്നു.
1944 ല്‍ ഇംഗ്ലണ്ടിലെ ഹാംപ്ടണ്‍ ലൂസിയിലായിരുന്നു ഇയാന്‍ വില്‍മുട്ടിന്റെ ജനനം. നോട്ടംഗ്ഹാം സര്‍വ്വകലാശാലയില്‍ നിന്ന് ബിഎസ്സിയും കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും അദ്ദേഹം സ്വന്തമാക്കി. നിരവധി അന്താരാഷ്ട്രാ അവാര്‍ഡുകള്‍ നേടിയ ഭ്രൂണ ശാസ്ത്രജ്ഞനാണ് അദ്ദേഹം.