അണ്ടര്‍ 16 സാഫ് കപ്പ് കിരീടം നേടി ഇന്ത്യ : ഫൈനലിൽ നേരിട്ടത് ബംഗ്ലാദേശിനെ

2023 അണ്ടര്‍ 16 സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഭൂട്ടാനാണ് ഇത്തവണ സാഫ് കപ്പിന് വേദിയായത്. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ഇന്ത്യന്‍ അണ്ടര്‍ 16 പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്.

ഭാരത് ലൈരന്‍ജാം ആണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടുന്നത്. 74-ാം മിനിറ്റില്‍ ലെവിസ് സാങ്മിന്‍ലുനാണ് ഗോള്‍ നേടിയത്. അവസാന ഘട്ടത്തില്‍ ബംഗ്ലാദേശ് കനത്ത ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരെ ഇന്ത്യ കടുത്ത പ്രതിരോധമാണ് തീർത്തത്. ഈ വർഷം നടന്ന സീനിയർ സാഫ് മത്സരത്തിലെ കിരീടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അണ്ടര്‍ 16 ഫോര്‍മാറ്റില്‍ ഇതുവരെ നാല് തവണയാണ് സാഫ് കപ്പ് ഫുട്‌ബോള്‍ നടന്നത്.