ന്യൂഡൽഹി: ഇന്ത്യയ്ക്കു നന്ദി അറിയിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ്. ജി 20 ഉച്ചകോടി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തതിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് നന്ദി അറിയിച്ചത്. ഉച്ചകോടിയുടെ അജൻഡയെ ‘യുക്രെനൈസ്’ ചെയ്യാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമങ്ങളെ ചെറുക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടി സമാപിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജി 20 ഉച്ചകോടി ഒരു നാഴികക്കല്ലാണ്. ഇന്ത്യയുടെ അധ്യക്ഷപദത്തിന് ചരിത്രത്തിലാദ്യമായി ഗ്ലോബൽ സൗത്തിൽ നിന്നുള്ള ജി20 രാജ്യങ്ങളെ യോജിപ്പിക്കാൻ സാധിച്ചു. പല പ്രശ്‌നങ്ങളിലും മുന്നോട്ട് കുതിക്കാൻ ഉച്ചകോടി വഴികാട്ടിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ നിയമാനുസൃത താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ സ്വീകരിച്ച ഏകീകൃത നിലപാടുകൾക്കു നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

