ലോക്‌സഭാ തിരഞ്ഞെടുപ്പ്; അഞ്ചിടങ്ങളിൽ സംയുക്ത റാലികൾ നടത്താൻ തീരുമാനിച്ച് ഇന്ത്യ മുന്നണി

ന്യൂഡൽഹി: രാജ്യത്തെ അഞ്ചിടങ്ങളിൽ സംയുക്ത റാലികൾ നടത്താൻ തീരുമാനിച്ച് ഇന്ത്യ മുന്നണി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നടപടി. ഓരോ റാലിയും ഓരോ ലക്ഷ്യത്തോടെയായിരിക്കും സംഘടിപ്പിക്കുന്നതെന്നാണ് വിവരം. ബിഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, അസം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും റാലി നടക്കുന്നത്.

ബിഹാറിലെ പട്‌നയിൽ ഗാന്ധി മൈതാനത്താണ് ആദ്യ റാലി സംഘടിപ്പിക്കുന്നത്. ജാതി സെൻസസ് നടത്തണമെന്ന ആവശ്യം ഈ റാലിയിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. ഹിന്ദു വോട്ട്ബാങ്കിൽ ബിജെപിക്കുള്ള മേൽക്കൈ അവസാനിപ്പിക്കാൻ ഒബിസി വിഭാഗങ്ങളെ ഒപ്പംനിർത്തിയുള്ള ജാതി രാഷ്ട്രീയമാണ് ഏറ്റവും മികച്ച മാർഗമെന്നു വിലയിരുത്തലിന്റെ അടിസ്ഥാനമാണിത്.

മാഹാരാഷ്ട്രയിലെ നാഗ്പൂരിൽ റാലി നടത്തുന്നത് വഴി ബിജെപിയെ അതിന്റെ മടയിൽ ചെന്നു നേരിടുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കെതിരായ സമര കാഹളം മുഴക്കുമെന്നും ഇന്ത്യ മുന്നണി വൃത്തങ്ങൾ അറിയിച്ചു.

ഫെഡറൽ സംവിധാനത്തിന്റെ രക്ഷയ്ക്കായാണ് ചെന്നൈയിൽ റാലി സംഘടിപ്പിക്കുക. സംസ്ഥാന സർക്കാരുകളുടെ അധികാരം കേന്ദ്രം കവർന്നെടുക്കുന്നതിനെതിരെ പ്രതിഷേധം നടത്തും. കേരളം, തമിഴ്‌നാട്, ബംഗാൾ എന്നിവയടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ അമിതാധികാരം പ്രയോഗിക്കുന്നുവെന്ന ആരോപണവും നടത്തുന്നതാണ്.

അസമിലെ ഗുുവാഹത്തിയിൽ നടക്കുന്ന റാലിയിൽ മണിപ്പുർ കലാപം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടങ്ങിയവ ഉന്നയിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഡൽഹിയിൽ റാലി നടത്തുന്നത്.