ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനൊപ്പമുള്ള ചിത്രം പങ്കുവച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജി20 ഉച്ചകോടിയുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡന് സമീപത്തായുണ്ട്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചടങ്ങിൽ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിൻ.
സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്റ്റാലിൻ പങ്കുവെച്ച ദൃശ്യങ്ങൾ ശ്രദ്ധേയമാകുന്നത്. അതേസമയം, ജി 20 ഉച്ചകോടിക്ക് സമാപനം കുറിച്ചു. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറുകയും ചെയ്തു. നവംബറിൽ G 20 വിർച്വൽ ഉച്ചകോടി നടത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിരിക്കുന്ന ശുപാർശ. G20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

