കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ ഓഹരി വിലയില്‍ വൻ കുതിപ്പ്

പ്രമുഖ പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ ഓഹരി വിലയില്‍ വൻ കുതിപ്പ്. 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലാണ് ഓഹരി വിലയിപ്പോള്‍. വ്യാഴാഴ്ച ഓഹരി വില 20 ശതമാനം ഉയര്‍ന്ന് 1,146.15 രൂപയിലെത്തിയാതായാണ് റിപ്പോർട്ടുകൾ. നാവികസേനക്കായി ആറ് പുതുതലമുറ മിസൈല്‍ വെസലുകളുടെ(എന്‍.ജി.എം.വി) നിര്‍മാണ കരാര്‍ ഈയിടെയാണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡിന് ലഭിച്ചത്. ഓര്‍ഡര്‍ ബുക്കില്‍ ഗണ്യമായി വർധനവുണ്ടായതാണ് ഓഹരി വില വർധിക്കാൻ കാരണമായത്.

അഞ്ച് വ്യാപാര ദിനങ്ങളിലായി ഏകദേശം 25 ശതമാനത്തോളം കുതിപ്പുണ്ടായി. ഒരു മാസത്തിനുള്ളിൽ 71 ശതമാനവും ജനുവരിക്കുശേഷം 113 ശതമാനവുമാണ് ഓഹരി വിലയിലുണ്ടായ മുന്നേറ്റം. നെതർലാൻഡ് ആസ്ഥാനമായുള്ള ഐഎച്ച്സിയുമായി സഹകരിച്ച് ഡ്രഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യക്കുവേണ്ടി 12,000 ക്യുബിക് മീറ്റർ വിസ്തീർണമുള്ള കപ്പൽ കരാറും ഈയിടെ ഷിപ്പിയാര്‍ഡിന് ലഭിച്ചിരുന്നു. പൊതുമേഖലയിലെ ഏറ്റവും വലിയ കപ്പൽശാലയായ സിഎസ്എലിന്റെ പ്രധാന വരുമാനം നാവിക കരാറുകളിൽനിന്നാണ്. നാവിക സേനക്കുള്ള കപ്പലുകളുടെ നിർമണം, കോർസ്റ്റ് ഗാർഡിന്റെ പദ്ധതികൾ, വാണിജ്യ കപ്പലുകളുടെ നിർമാണം, കപ്പലുകളുടെ അറ്റകുറ്റപണികൾ എന്നിവയാണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡിൽ പ്രധാനമായും ചെയ്യുന്നത്.