സനാതന ധർമ്മത്തിന്റെ മൂല്യം കുട്ടികൾക്ക് പകർന്ന് കൊടുക്കാൻ തിരുമല തിരുപ്പതി ദേവസ്വം; ഭഗവദ്ഗീത വിതരണം ചെയ്യും

ചെന്നൈ: സനാതന ധർമ്മത്തിന്റെ മൂല്യം കുട്ടികൾക്ക് പകർന്ന് കൊടുക്കാൻ തിരുമല തിരുപ്പതി ദേവസ്വം. ഇതിനായി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഭഗവദ്ഗീത വിതരണം ചെയ്യും. തിരുമല തിരുപ്പതി ദേവസ്വം ബോർഡ് ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.

തിരുമല അന്നമയ്യ ഭവനിൽ സെപ്തംബർ നാലിന് വിളിച്ചുചേർത്ത ബോർഡ് യോഗത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. അതേസമയം, സനാതന ധർമ്മം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരുപ്പതിയിൽ 600 കോടി രൂപയുടെ തീർത്ഥാടന കേന്ദ്രങ്ങൾ നിർമ്മിക്കാനും തിരുമല തിരുപ്പതി ദേവസ്വം തീരുമാനിച്ചു. 20,000 തീർത്ഥാടകരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലാണ് തീർത്ഥാടന കേന്ദ്രങ്ങൾ നിർമ്മിക്കുക.

ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തിനെതിരായുള്ള പരമാർശത്തിലും ഭൂമന കരുണാകർ റെഡ്ഡി പ്രതികരിച്ചു. സനാതന ധർമ്മം എന്നതൊരു ജീവിതരീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതറിയാതെ ജാതി പറഞ്ഞ് സനാതന ധർമ്മത്തെ വിമർശിക്കുന്നത് സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുമെന്നും ഇത് വിമർശകർക്ക് അത്ര നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.