പുതുപ്പള്ളി തെരഞ്ഞെടുപ്പ്; ചില ബൂത്തുകളിൽ പോളിംഗ് വൈകിയതിൽ ദുരൂഹതയെന്ന് കോൺഗ്രസ്

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി കോൺഗ്രസ്. ചില ബൂത്തുകളിൽ പോളിംഗ് വൈകിയതിൽ ദുരൂഹതയും അട്ടിമറിയും സംശയിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. വോട്ടെടുപ്പ് മനപ്പൂർവം വൈകിപ്പിക്കാൻ ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ നിയമിച്ചെന്നാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്ന ആരോപണം.

വോട്ടെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോൾ തന്നെ ചില ബൂത്തുകളിൽ പരാതികൾ ഉയർന്നിരുന്നു. വിവരം അറിയിച്ചിട്ടും പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പറഞ്ഞത്. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നതായുള്ള സംശയം ചാണ്ടി ഉമ്മൻ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ഇടതു സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി നിയമിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ആരോപിച്ചിരുന്നു. പരാതികൾ ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് പ്രതികരിച്ചു.