ആരാധകർക്ക് പിറന്നാൾ സമ്മാനവുമായി മമ്മൂട്ടി

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മമ്മൂട്ടിയുടെ വക പിറന്നാൾ സമ്മാനം. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന കണ്ണൂർ സ്ക്വാഡിന്റെ ട്രെയ്ലർ നാളെ മമ്മൂട്ടിയുടെ റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാഡ് നിർമിക്കുന്നത്. സമീപകാലത്തായി വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്ന ആരാധകരെ ആകാംഷയിലാക്കുന്നതാണ് പുറത്ത് വരുന്ന അപ്ഡേറ്റുകൾ. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.

ചിത്രത്തിന്റെ റിലീസിനെ കുറിച്ച് നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ചർച്ചയായിരുന്നു. ഒക്ടോബറിൽ ചിത്രം റിലീസിനെത്തുമെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ ഈ മാസം തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്. ഛായഗ്രഹൻ റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. റോബി വർഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂർ സ്ക്വാഡ്.

മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെയും വേഫെയറർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.