ഉദയനിധി സ്റ്റാലിൻ്റെ സനാധന ധർമ്മ വിരുദ്ധ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂർവം പറഞ്ഞയാളാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിവാദ പ്രസ്താവനയോടുള്ള കോൺഗ്രസ് നിലപാട് മ്ലേച്ചമാണെന്നും ഗാന്ധിയുടെ കോൺഗ്രസ് രാഹുലിൻ്റെ കോൺഗ്രസായി മാറി കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം എല്ലാകാലത്തും സനാതന ധർമ്മത്തിനെതിരാണ്. എന്നാൽ കോൺഗ്രസ് എന്തുകൊണ്ടാണ് സനാതന ധർമ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കണമെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഐഎൻഡി മുന്നണിയുടെ തമിഴ്നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉൻമൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിർക്കാത്തതെന്ന് മനസിലാകുന്നില്ല. മമത ബാനർജി സ്റ്റാലിൻ്റെ പ്രസ്താവനയെ എതിർത്തു കഴിഞ്ഞു. കോൺഗ്രസിൻ്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോൺഗ്രസ് നിലപാടില്ലാത്ത പാർട്ടിയായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.
മാസപ്പടി വിവാദത്തിൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ചു. പുതുപ്പള്ളിയിൽ കോൺഗ്രസിനും സിപിഐഎമ്മിനും രാഷ്ട്രീയം പറയാനില്ലായിരുന്നു എന്ന് പറഞ്ഞ സുരേന്ദ്രൻ മുഖ്യമന്ത്രി നാല് തവണ വന്നിട്ടും തനിക്കും കുടുംബത്തിനുമെതിരെ മാസപ്പടി ഉൾപ്പെടെ ഉയർന്ന ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ല എന്ന് കുറ്റപ്പെടുത്തി. വികസന പ്രശ്നങ്ങൾ ഉയർത്തുമ്പോൾ കോൺഗ്രസ് ആവടെ ഉമ്മൻ ചാണ്ടിയെ പറ്റി പറയരുതെന്നാണ് പറഞ്ഞത്. അരാഷ്ട്രീയമായ തിരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ മാറ്റാനുള്ള ശ്രമം നടന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

