മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ; ചെയർമാൻ സ്ഥാനം ഏറ്റെടുത്ത നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ കേരള കോൺഗ്രസ്(ബി) അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് നടപടി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഉടൻ പുതിയ ഉത്തരവ് പുറത്തിറക്കും. സാങ്കേതിക പിഴവിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു.

അഡ്വ എം രാജഗോപാലൻ നായരെ ചെയർമാനാക്കിയാണ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത്. നിലവിൽ ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത് കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ ജി പ്രേംജിത്ത് ആയിരുന്നു. കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തെ തുടർന്നാണ് പ്രേംജിത്ത് ചുമതലയേറ്റെടുത്തത്.

ചർച്ചയില്ലാതെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കേരള കോൺഗ്രസ് ബി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ നടപടിയിൽ മുന്നണിയെ പ്രതിഷേധം അറിയിക്കുമെന്നും നേതൃത്വം അറിയിച്ചു. വിഷയത്തിൽ പ്രതികരണവുമായി ക ബി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയോ,എൽഡിഎഫ് കൺവീനറോ, മുഖ്യമന്ത്രിയോ അറിയാതെയാണ് ഉത്തരവ് ഇറങ്ങിയത് എന്ന് എം.എൽ.എ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇടപെട്ട് ഉത്തരവു മരവിപ്പിച്ചു എന്നും യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് നിയമിച്ച കുറച്ചുപേർ ബോർഡിൽ ഉണ്ടായിരുന്നു എന്നും, തന്റെ നിർദ്ദേശപ്രകാരം അവരെ മാറ്റിയതിൽ ഉണ്ടായ സാങ്കേതിക പിഴവായിരിക്കാം ഇങ്ങനെ ഉത്തരവ് വന്നതെന്നും ഗണേഷ് കുമാർ അറിയിച്ചു.