ഐഎസ്ആർഒയുമായി കൈകോർക്കാനൊരുങ്ങി യൂറോപ്യൻ ബഹിരാകാശ ഏജൻസി

isro

ന്യൂഡൽഹി: ഐഎസ്ആർഒയുമായി കൈകോർക്കാനൊരുങ്ങി യൂറോപ്യൻ ബഹിരാകാശ ഏജൻസി. ബഹിരാകാശ സംബന്ധിയായ ആശയ വിനിമയ സേവനങ്ങളും നിർണായകമായ ഫ്ലൈറ്റ് ഡൈനാമിക്സ് സോഫ്റ്റ് വെയറും നൽകുന്നതിന് ഐഎസ്ആർഒയുമായി സഹകരിക്കുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ഒരു ബഹിരാകാശ പേടകത്തിൽ നിന്ന് ഗ്രൗണ്ട് സ്റ്റേഷന്റെ പിന്തുണയില്ലാതെ ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കുക അസാധ്യമാണെന്ന് ഇഎസ്എ അറിയിച്ചു.

ഓരോ ബഹിരാകാശ ദൗത്യത്തിലും ആശയവിനിമയം അവിഭാജ്യഘടകമാണെന്ന് ഇഎസ്എയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. ഇഎസ്എയുടെ സ്പെയ്സ് ട്രാക്കിങ് സ്റ്റേഷനുകളുടെ ആഗോള നെറ്റ് വർക്ക് വഴിയും അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക മാനദണ്ഡങ്ങളുടെ ഉപയോഗത്തിലൂടെയും സൗരയൂഥത്തിലെ ബഹിരാകാശപേടകങ്ങളിൽ നിന്ന് വിവരങ്ങൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും സ്വീകരിക്കാനും കഴിയുമെന്ന് ഇഎസ്എ സർവീസ് മാനേജറും ഇഎസ്എ ക്രോസ് സപ്പോർട്ട് ലെയ്സൺ ഓഫീസറുമായ(ഐഎസ്ആർഒ) രമേശ് ചെല്ലാതുരൈ അറിയിച്ചു.