ന്യൂഡൽഹി: റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കി മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്നാണ് റിപ്പോർട്ട്. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത് ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ്.
ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് വിവരം. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്‌പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും. ഇതിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണകത്തുകൾ മാറ്റിയെഴുതി. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നൽകിയ ക്ഷണക്കത്തിൽ പ്രസിഡൻറ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡൻറ് ഓഫ് ഭാരത് എന്നാണ് എഴുതിയിട്ടുള്ളത്.
ഹിന്ദിയിൽ മാത്രമാണ് സാധാരണ ഭാരത് എന്ന് ഉപയോഗിക്കാറുള്ളത്. ഇംഗ്ലീഷിനൊപ്പവും ഭാരത് കൂട്ടിചേർക്കുന്നതോടെയാണ് ഔദ്യോഗിക രേഖകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയത്.

