മസ്‌കത്ത്: കേരള സെക്ടറിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ച് ഒമാൻ വിമാന കമ്പനികൾ. ഒമാൻ എയർ, സലാം എയർ തുടങ്ങിയ കമ്പനികളാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. തിരുവനന്തപുരത്തേക്കാണ് ഒമാൻ എയർ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സലാം എയർ കോഴിക്കോട്ടേക്കാണ് പുതിയതായി സർവ്വീസ് നടത്തുന്നത്. ഒക്ടോബർ മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. മസ്‌കത്ത്-തിരുവനന്തപുരം റൂട്ടിൽ ഒക്ടോബർ ആദ്യ വാരം ഒമാൻ എയർ പ്രതിദിന സർവീസ് നടത്തും. നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോഴിക്കോട്-മസ്‌കത്ത് റൂട്ടിൽ ഒക്ടോബർ ഒന്ന് മുതൽ സലാം എയർ പ്രതിദിന സർവീസ് നടത്തുമെന്നാണ് വിവരം. രാത്രി 10.30ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.20ന് കോഴിക്കോടെത്തും. തിരികെ പ്രാദേശിക സമയം പുലർച്ചെ 4.20ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 6.15ന് മസ്‌കത്തിൽ എത്തിച്ചേരും. മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ 65 റിയാൽ മുതലും തിരികെ 55 റിയാലിന് മുകളിലേക്കുമാണ് ടിക്കറ്റ് നിരക്കുകൾ.

