ജി20 ഉച്ചകോടിക്ക് തയ്യാറെടുത്ത് രാജ്യതലസ്ഥാനമായ ഡൽഹി. വിദേശനേതാക്കളെയും തലവന്മാരെയും സ്വീകരിക്കാൻ ഒരുങ്ങി ഡൽഹി.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള നേതാക്കൾ ഡൽഹിയിൽ രണ്ട് ദിവസത്തോളം താമസിക്കുന്നത്കൊണ്ട് തന്നെ ലോകത്തിന്റെ പ്രധാന ശ്രദ്ധകേന്ദ്രമായിരിക്കും രാജ്യം. ദിവസങ്ങൾക്ക് മുമ്പുതന്നെ ഡൽഹി നഗരവും പരിസരപ്രദേശങ്ങളും. സുരക്ഷാവലയത്തിലാണ്. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധിസംഘങ്ങളമാണ് രാജ്യത്ത് എത്താൻ പോവുന്നത്. രാജ്യ തലസ്ഥാനത്തെ സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും അടച്ചിടുന്നതിനോടൊപ്പം മെട്രോ സ്റ്റേഷനുകൾ അടച്ചിടും കൂടാതെ 200 ഓളം ട്രെയിനുകളും റദ്ദാക്കും.
സെപ്റ്റംബർ എട്ടുമുതൽ 11 വരെ ഡൽഹിയുമായി ബന്ധപ്പെട്ട തീവണ്ടിസർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. 300 ട്രെയിനുകളെ ഈ നിയന്ത്രണങ്ങൾ ബാധിക്കും. 200 ട്രെയിനുകൾ റദ്ദാക്കിയതോടൊപ്പം ചിലത് വഴിതിരിച്ചുവിടുകയും ചെയ്യും. പ്രധാനവേദിക്കും വിശിഷ്ടാതിഥികൾ താമസിക്കുന്ന ഹോട്ടലുകൾക്കും സമീപമുള്ള പാതകളിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുക. ഡൽഹി-ഹരിയാണ യാത്രക്കാരെയായിരിക്കും നിയന്ത്രണം കൂടുതൽ ബാധിക്കുക. നഗരത്തിൽ റോഡ് ഗതാഗതവും മുടങ്ങും. സെപ്റ്റംബർ എട്ടുമുതൽ പത്തുവരെ ഡൽഹിയിലെ വിവിധമെട്രോ സ്റ്റേഷനുകളും അടച്ചിടുമെന്നാണ് വിവരം. സുരക്ഷയുടെ ഭാഗമായാണ് സ്റ്റേഷനുകൾ അടച്ചിടുന്നത്. യാത്രക്കാർക്ക് സ്റ്റേഷനുകളിൽ കൂടി അകത്ത് പ്രവേശിക്കാനോ പുറത്തു കടക്കാനോ സാധിക്കില്ല.
1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജി20 യുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ 80,000 പേർ ഡൽഹി പോലീസിൽനിന്നാണ്. മുഖ്യവേദിയായ പ്രഗതിമൈതാനിലാണ് സുരക്ഷാ കൺട്രോൾ റൂമുകൾ. യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്ന മൗര്യ ഹോട്ടലിലും പരിസരത്തും കൂടുതൽ സുരക്ഷ ഉണ്ടാവും. അതിഥികളുടെ സുരക്ഷയ്ക്ക് 45,000 സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഹോട്ടലുകൾക്ക് മുകളിൽ ഹെലികോപ്റ്റർ ഇറക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആകാശസുരക്ഷ ഉറപ്പിക്കാൻ വ്യോമസേന മുൻനിര ഫൈറ്റർ ജെറ്റുകൾ, റഡാറുകൾ, ആന്റി ഡ്രോൺ സംവിധാനം, ഭൂതല- ആകാശ മിസൈലുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. നേതാക്കളെ സുരക്ഷിതമായി പ്രധാനവേദികളിൽ എത്തിക്കാൻ 20 ബുള്ളറ്റ് പ്രൂഫ് കാറുകൾ തയ്യാറാക്കിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ 50 വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സമീപസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളും അതിഥികളെ വരവേൽക്കാൻ ഉപയോഗപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാവുമ്പോൾ പലപ്രധാനപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

