ഷി ജിൻപിംഗ് ജി 20 യിൽ പങ്കെടുക്കാത്തതിൽ നിരാശയുണ്ട് : ജോബൈഡൻ

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്കുള്ള യാത്രക്ക് കാത്തിരിക്കുകയാണെന്ന് യു എസ് പ്രസിഡന്റ്‌ ജോബൈഡൻ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ 7 ന് ബൈഡൻ ഇന്ത്യയിൽ എത്തുമെന്നും ചരിത്രപരമായ മീറ്റിംഗിന്റെ ഭാഗമായി സെപ്റ്റംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുമെന്നും വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു.

എന്നാൽ ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻപിംഗ് ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാത്തതിൽ നിരാശയുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

G20 യുടെ നിലവിലെ പ്രസിഡന്റ് എന്ന നിലയിൽ, സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷിയും ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സമീപകാലമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രസിഡന്റ് ഷിയുടെ പങ്കാളിത്തം സംബന്ധിച്ച് ചൈനയിൽ നിന്ന് രേഖാമൂലമുള്ള സ്ഥിരീകരണത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് ജി 20 സ്‌പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങൾ പത്രങ്ങളിൽ ചില റിപ്പോർട്ടുകൾ കണ്ടു. പക്ഷേ, രേഖാമൂലമുള്ള സ്ഥിരീകരണത്തിലൂടെയാണ് ഞങ്ങൾ പോവുന്നത്. എന്നാൽ ഇതുവരെ ഒരു രേഖാമൂലമുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ഒരു തരത്തിലുള്ള സ്ഥിരീകരണവും ലഭിക്കാതെ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയില്ലെന്നും ശ്രീ പരദേശി പറഞ്ഞു.

ജി 20 മീറ്റിംഗിൽ നിന്ന് ഷി ഒഴിവാക്കുകയും പകരമായി പ്രധാനമന്ത്രി ലീ ക്വിയാങ്ങിനെ പരിപാടിക്കായി നിയോഗിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ചൈനയും ഇന്ത്യയും തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇതരത്തിലൊരു വാർത്ത പുറത്തുവരുന്നത്.

ജക്കാർത്തയിൽ നടക്കുന്ന കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ലീ ഇന്ത്യയിലേക്ക് എത്തിയേക്കും എന്നാണ് വൃത്തങ്ങൾ പറയുന്നത്. ചൈനയുടെ കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം 2021 ൽ ചൈനീസ് പ്രസിഡന്റ് ഷി ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്കും പോയിരുന്നില്ല.

യുഎസ് പ്രസിഡന്റ് ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവർ ഇതിനകം ജി20 ഉച്ചകോടിയിലെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
സെപ്തംബർ 10 ന് ജി20 പ്രസിഡൻസിയുടെ ബാറ്റൺ ബ്രസീൽ പ്രസിഡന്റ് ലുലയ്ക്ക് മോദി കൈമാറും.
ഡിസംബർ 1-ന് ബ്രസീൽ G20 പ്രസിഡൻസി ഔദ്യോഗികമായി ഏറ്റെടുക്കും. G20 അംഗ രാജ്യങ്ങൾ ആഗോള ജിഡിപിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75%-ലധികവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നു.