ന്യൂഡൽഹി: വരുന്ന രണ്ട് വർഷത്തിനുള്ളിൽ വലിയ പദ്ധതികൾ വിക്ഷേപിക്കാൻ തയ്യാറെടുത്ത് ഐഎസ്ആർഒ. ഇതിൽ ഏറ്റവും നിർണായകം ശുക്രനിലേക്കുള്ള ദൗത്യമാണ്. ശുക്രനിലേക്കുള്ള ദൗത്യത്തിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. ശുക്രന്റെ ഉപരിതല പഠനത്തിനാണ് ദൗത്യം. ശുക്രനിൽ ഇറങ്ങുന്നതിനടക്കമുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി 2024 അവസാനത്തോടെ വിക്ഷേപിക്കും. അതേസമയം, നാസ-ഇസ്രോ സിന്തറ്റിക് അപ്പാർച്ചർ റഡാർ വിക്ഷേപണത്തിന് അനുമതി ലഭ്യമായിട്ടുണ്ട്. നിസാർ എന്ന് പേരുള്ള പേടകം 2024 ജനുവരിയിൽ വിക്ഷേപിക്കും. ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യവും, ചന്ദ്രനിലേക്കുള്ള നാലാം ദൗത്യവും ചർച്ചകളിലുണ്ട്. ചൊവ്വയിലും സോഫ്റ്റ് ലാൻഡിംഗിന് പദ്ധതിയിടുന്നുണ്ട്.
ഗഗൻയാൻ ആയിരിക്കും ആദിത്യ എൽ-1ന് ശേഷമുള്ള ആദ്യ മിഷൻ. ആളില്ലാ പേടകം വിക്ഷേപണം ഈ വർഷം അവസാനം പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിക്കും. പേടകം രൂപകൽപന ചെയ്തിരിക്കുന്നത് ഹാലും ഐഎസ്ആർഒയും ചേർന്നാണ്്. ആളില്ലാ പേടകത്തിന്റെ പരീക്ഷണത്തിന് ശേഷം മനുഷ്യരുമായി ബഹിരാകാശത്തേക്ക് പേടകം കുതിക്കും.

