പുതുപ്പള്ളി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. വി ഡി സതീശൻ തന്നെ നാലാം കിടക്കാരനെന്ന് വിളിച്ചെന്നാണ് ജെയ്ക്കിന്റെ ആരോപണം. കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് തന്റെ ഭാര്യ ഗീതുവിനെതിരായ സൈബർ ആക്രമണമെന്നും ജെയ്ക്ക് പറഞ്ഞു.
തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാവുന്നില്ല. പുതുപ്പള്ളി ഇതിനു മറുപടി നൽകും. തെരഞ്ഞെടുപ്പിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കാനില്ല. പൂർണ ആത്മവിശ്വാസമുണ്ട്. പിണറായി വീരസ്യം പറയാറില്ല. വികസനം പറയുന്നത് എങ്ങനെ വീരസ്യം പറയലാകുമെന്ന് അദ്ദേഹം ചോദിക്കുന്നു.
മുൻ മുഖ്യമന്ത്രി കോൺഗ്രസിന് വേണ്ടി വോട്ട് ചോദിച്ചപ്പോൾ മകൻ ബിജെപിയ്ക്ക് വേണ്ടിയാണ് വോട്ട് ചോദിച്ചതെന്നും ജെയ്ക്ക് പരിഹസിച്ചു. ഇന്ത്യയിൽ മറ്റൊരിടത്തും ഇത് കാണില്ല. എന്നിട്ടാണ് മാസപ്പടി വിവാദത്തിൽ ഇ ഡി വരാത്തത് സിപിഎം – ബിജെപി ബന്ധം കൊണ്ടെന്നാണ് വിഡി സതീശൻ പറയുന്നത്. മാസപ്പടി വിവാദത്തിൽ അന്വേഷണം അവശ്യപ്പെട്ട് ഇ ഡിക്ക് വിഡി സതീശൻ കത്ത് അയക്കട്ടെയെന്നും ജെയ്ക്ക് സി തോമസ് കൂട്ടിച്ചേർത്തു.

