ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ പ്രതിരോധത്തിലാക്കി പാകിസ്ഥാൻ. മാച്ചിൽ പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി വിരാട് കൊഹ്ലിയെയും രോഹിത് ശർമയെയും വീഴ്ത്തി. അഫ്രീദിയുടെ പന്തിൽ രണ്ട് താരങ്ങളും ബോൾഡ് ആവുകയായിരുന്നു. ഇതോടെ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 11 ഓവറുകൾ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ് ഇന്ത്യൻ ടീം.
7 പന്തുകൾ നേരിട്ട കൊഹ്‌ലി നാല് റൺസ് മാത്രമാണ് എടുത്തത്. 22 പന്തുകൾ നേരിട്ട രോഹിത് ശർമ 11 റൺസുമായി സ്കോർ 15 ൽ നിൽക്കെ ഔട്ടായി. ഹാരിസ് റൗഫിന്റെ പന്തിൽ ഫഖർ സമാൻ ക്യാച്ചെടുത്തതോടെ 14 റൺസുമായി കളിയിൽനിന്ന് ശ്രേയസ് അയ്യരും പുറത്തായി. പന്ത്രണ്ടാം ഓവറിൽ മഴ കാരണം കളി നിർത്തുമ്പോൾ ശുഭ് മാൻ ഗില്ലും ഇഷാൻ കിഷനും ക്രീസിലായിരുന്നു.
കഴിഞ്ഞദിവസം സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. മഴ വീണ്ടും തുടരുകയാണെങ്കിൽ 50 ഓവറിലുള്ള മത്സരം 20 ഓവറാക്കാൻ സാധ്യതയുണ്ട്. ഇത് നടന്നില്ലെങ്കിൽ ഇരു ടീമിന്റെയും പോയിന്റ് പങ്ക് വച്ച് ഏറ്റവും കൂടുതൽ പോയിന്റുള്ള ടീമിനെ നാലാം ഘട്ടത്തിലേക്ക് കടത്തും. മത്സരം ഈ രീതിയിൽ നീങ്ങിയാൽ നേപ്പാളിനെ തോൽപിച്ച പാക്കിസ്ഥാൻ നാലാം ഘട്ടം കടക്കും. ഇന്ത്യയ്ക്ക് ഇതോടെ കളിയിൽ മുന്നേറണമെങ്കിൽ അടുത്ത മാച്ചിൽ നേപ്പാളിനെ തോല്പിക്കേണ്ടി വരും.

