കർഷകരുടെ വിഷയം ജയസൂര്യ പറഞ്ഞാൽ അത് തെറ്റാകുമോ; കെ സുധാകരൻ

കണ്ണൂർ: ജയസൂര്യയ്ക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കർഷകരുടെ വിഷയം ജയസൂര്യ പറഞ്ഞാൽ അത് തെറ്റാകുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. യാഥാർഥ്യം വിളിച്ചുപറയുമ്പോൾ അതിനെതിരായ ഗുണ്ടാരാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്. കർഷകർ അവരുടെ പ്രശ്നം ഉയർത്തിപ്പിടിച്ച് സംസാരിക്കുമ്പോൾ അതിൽ രാഷ്ട്രീയം കണ്ട് അതുവഴി രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം അറിയിച്ചു.

അത്രമേൽ ഭീകരമാണ് ജയസൂര്യക്കെതിരേ സൈബർ പോരാളികൾ നടത്തുന്ന യുദ്ധം. മാർക്സിസ്റ്റ് പാർട്ടിയുടെ പരിപാടിയിൽ വെച്ചുതന്നെ ജയസൂര്യ കർഷകരെക്കുറിച്ച് പറഞ്ഞത് അത് അവർ ഉൾക്കൊണ്ട് തിരുത്താനാണ്. അതിനുപകരം വിമർശനമല്ല വേണ്ടത്. കർഷകർക്ക് കോടികൾ നൽകാൻ ബാക്കിയുണ്ട്. സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് പറയുന്നതല്ലാതെ നൽകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഹെലിക്കോപ്ടറിൽ യാത്ര ചെയ്യാൻ പ്രതിമാസം 80 ലക്ഷം രൂപയാണ് നീക്കിവെക്കാൻ തീരുമാനിച്ചത്. ഒരുഭാഗത്ത് കർഷകരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുമ്പോൾ മറുഭാഗത്ത് ദുർവ്യയത്തിനായി സർക്കാർ കോടികൾ ചെലവഴിക്കുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഇരട്ടിയാക്കി. നാന്നൂറോളം പോലീസുകാർ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിൽക്കാൻ പോവുന്നു. രണ്ടുലക്ഷത്തിലേറെ ശമ്പളം വാങ്ങുന്ന നൂറിലേറെ ആളുകൾ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്നു. മുഖ്യമന്ത്രി യാത്രചെയ്യുന്ന ട്രെയിനിന് റെയിലിന്റെ ഓരോ കിലോമീറ്റർ പരിധിയിലും രണ്ടുപോലീസുകാരെ രണ്ട് വശങ്ങളിലായി കാവൽ നിർത്തുന്നു. യാത്ര ചെയ്യുന്ന ട്രെയിനിന് പോലീസിന്റെ സംരക്ഷണമെന്തിനാണെന്നും മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.