മുംബൈ: ഇന്ത്യ സഖ്യത്തിന്റെ ലോഗോ ഇന്ന് പുറത്തിറക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഡിഎയെ തറപ്പറ്റിക്കാനായി വലിയ നീക്കങ്ങളാണ് ഇന്ത്യ സഖ്യം നടത്തുന്നത്. മൂന്നാമത് ഇന്ത്യ യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇന്ത്യ സഖ്യത്തിന്റെ കൺവീനറാക്കണമെന്ന കോൺഗ്രസ് ആവശ്യത്തെ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ മറ്റ് പാർട്ടികൾക്ക് എതിർപ്പില്ലെന്ന വിവരവും പുറത്തു വരുന്നുണ്ട്.
11 അംഗ സമിതിയ്ക്ക് രൂപം നൽകാനും യോഗത്തിൽ തീരുമാനമായി. പ്രാദേശിക-സംസ്ഥാന അടിസ്ഥാനത്തിലും സമിതികൾ രൂപവത്കരിക്കാൻ തീരുമാനിച്ചു. ചെറുപാർട്ടികൾക്കും മതിയായ പ്രാതിനിധ്യം നൽകാനാണ് സഖ്യം തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു തന്ത്രം ആവിഷ്കരിക്കൽ, മീഡിയാ മാനേജ്മെന്റ് തുടങ്ങിയവയ്ക്കുള്ള സമിതികളിൽ ഇവരെ ഉൾപ്പെടുത്തും.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ, ശിവസേന (യു.ബി.ടി.) അധ്യക്ഷൻ ഉദ്ധവ് താക്കറേ, നിതീഷ് കുമാർ. ലാലു പ്രസാദ് യാദവ്, മമതാ ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

