സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നു; ജനങ്ങൾ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് മുന്നറിയിപ്പ്. സുപ്രീം കോടതി രജിസ്ട്രിയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ വ്യക്തിവിവരങ്ങൾ തേടി തട്ടിപ്പിനായി ഉപയോഗിക്കുന്ന വെബ്സൈറ്റാണിതെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങൾ വഞ്ചിതരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നിക്കുന്നതാണ് ഈ വ്യാജ സൈറ്റും. ഇതിലേക്ക് പ്രവേശിക്കുമ്പോൾ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇവ പിന്നീട് തട്ടിപ്പിന് ഉപയോഗിക്കുന്നതായാണ് സുപ്രീംകോടതി രജിസ്ട്രിയുടെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. http://cbins/scigv.com, https://cbins.scigv.com/offence എന്നീ യുആർഎല്ലുകളിലാണ് വ്യാജ വെബ്സൈറ്റുകളുള്ളത്.

ഈ വ്യാജ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രജിസ്ട്രാർ (ടെക്നോളജി) പൊലീസിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.