പ്രത്യേക പാർലമെന്റ് സമ്മേളനം; ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമനിർമാണം നടന്നേക്കും

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിർമാണം നടന്നേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നാൽ, പ്രത്യേക സമ്മേളനത്തിന്റെ അജൻഡയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും സർക്കാർ നടത്തിയിട്ടില്ല.

കൂടാതെ ഏക സിവിൽ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരാൻ ഇടയുണ്ടെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 18 മുതൽ 22 വരെ ചേരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചുദിവസവും ക്രിയാത്മകമായ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒറ്റ തെരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം.