ജയസൂര്യയുടെ കത്തനാറിൽ തെലുങ്ക് നടി അനുഷ്ക ഷെട്ടി പ്രധാനവേഷത്തിലെത്തും

ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന കത്തനാർ ദി വൈൽഡ് സോർസെറർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അനുഷ്‍ക ഷെട്ടി. കടമുറ്റത്ത് കത്തനാരുടെ കഥകളെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ‘ഹോം’ സിനിമയുടെ സംവിധായകൻ റോജിൻ തോമസ് ആണ്. വെള്ളിയാഴ്ച തന്റെ 45 ആം ജന്മദിനം ആഘോഷിച്ച ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകൾ നൽകി നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കത്തനാരുടെ ചിത്രീകരണ സൂചനകൾ ഉണ്ടായിരുന്നു.

അതിലെ രംഗങ്ങൾ ആരാധകർക്ക് ഏറെ പ്രതീക്ഷനൽകുന്നതാണ്. വിർച്വൽ പ്രൊഡക്ഷൻ ടെക്നോളജി ഉപയോഗിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. ഈ സംവിധാനത്തിൽ ചിത്രീകരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രമാണ് കത്തനാർ എന്നാണ് നിർമ്മാതാക്കൾ അഭിപ്രായപെടുന്നത്. 45, 000 ചതുരശ്ര അടി വിസ്‌തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിൽ ആണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ 50% ത്തോളം ഭാഗങ്ങൾ ചിത്രീകരണം പൂർത്തിയാക്കി കഴിഞ്ഞു.

ആർ രാമനാഥ് തിരക്കഥയെഴുതി റോജിൻ ജോസഫ്‌ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ ഛായഗ്രാഹണം നീൽ ഡി കുൻഹയും ആക്ഷൻ കൊറിയോഗ്രാഫർ ജുങ്ങ്ജിൻ പാർക്കും സംഗീത സംവിധായകൻ രാഹുൽ സുബ്രമണ്യൻ ഉണ്ണിയുമാണ്. ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന അനുഷ്കയുടെ പുതിയ ചിത്രം മിസ് ഷെട്ടി മിസ്സിസ് പോളി ഷെട്ടി സെപ്റ്റംബർ 7 ന് തീയറ്ററുകളിലെത്തും. കത്തനാറിൽ ഉടൻ നടി ജോയിൻ ചെയ്യും എന്നാണ് വിവരങ്ങൾ.