തലസ്ഥാനത്ത് പൊടിപൊടിച്ച് ഓണാഘോഷ പരിപാടികൾ

തിരുവനന്തപുരം : കേരളത്തിന്റെ തനതുത്സവമായ ഓണം എല്ലാ മലയാളികളും ഒരുപോലെ ആഘോഷിക്കുമെങ്കിലും പത്മനാഭന്റെ നാട്ടുകാർക്ക്‌ ഒരൽപം ആഘോഷവും ആവേശവും കൂടുതലാണ്. പലവർണ്ണങ്ങൾ മിന്നിമറയുന്ന ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച നഗര പാതകൾ, പ്രൗഢ ഗംഭീരമായ കനകക്കുന്ന് കൊട്ടാരം, മ്യൂസിയം, ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞ വേദികൾ നിശബ്ദതയുടെ രാത്രിയെ ആർപ്പുവിളികളുടേതാക്കിയതാണ് തിരുവനന്തപുരത്തിന്റെ ഓണം .

കേരളത്തിന്റെ ഈ ഓണ നഗരിയിൽ ഒഴുകി നടക്കാൻ എപ്പോഴും പ്രിയമാണെന്നാണ് തിരുവനന്തപുരത്തുകാരുടെ അഭിപ്രായം. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഭാഗമാകേണ്ട ഓണകാഴ്ചകളാണ് തലസ്ഥാനനഗരിയുടേത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഈ ഓണക്കാഴ്ചകൾ കണ്ടു തീർക്കാൻ അൽപം പ്രയാസമാണ്.

നഗരത്തിന്റെ പലഭാഗങ്ങളിലായാണ് വേദികൾ സജീകരിച്ചിരിക്കുന്നത്. പ്രധാന വേദികൾ കനകക്കുന്ന് കൊട്ടാരത്തിലാണ്. തനതുകലാപരിപാടികൾ മുതൽ ന്യൂജൻ ബാൻഡുകളും അനന്തപുരിയെ ഇളക്കിമറിക്കാനുണ്ട്. ആഗസ്റ്റ് 28 ന് തിരിതെളിഞ്ഞ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 2 ന് തിരശീല വീഴും. പിന്നീട് അടുത്ത ഓണത്തെ വരവേൽക്കാനുളള കാത്തിരിപ്പിലാക്കും നാടും നാട്ടുകാരും.