തിരുവനന്തപുരം : ഓണത്തോട് അനുബന്ധിച്ച് നടന്ന മേളകളിലൂടെ 23 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി കുടുംബശ്രീ. മന്ത്രി എം ബി രാജേഷാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ‘തൃശ്ശൂർ, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലായിരുന്നു കൂടുതൽ മേളകൾ നടന്നത്. പൂ വിപണിയിൽ ശക്തമായ സാന്നിധ്യം തീർക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു.
1819 വനിതാ കർഷക സംഘങ്ങൾ 780 ഏക്കറിലായായിരുന്നു പൂ കൃഷി നടത്തിയത്. കഴിഞ്ഞവർഷം 150 ഏക്കറിൽ ആയിരുന്നു കൃഷി നടന്നത്. 100 സംഘങ്ങളായി തിരിഞ്ഞ് 186.37 ഏക്കറിൽ കൃഷി ചെയ്ത തൃശ്ശൂർ ജില്ലയാണ് ഈ വട്ടം ഒന്നാമത് എത്തിയത് എന്നിങ്ങനെയായിരുന്നു മന്ത്രി ഫേസ്ബുക്കിൽ പറഞ്ഞത്. വിലക്കയറ്റം തടയാനുള്ള സർക്കാരിന്റെ ശ്രമത്തിൽ സഹായവുമായി കുടുംബശ്രീ ഉണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

