ഓണം വാരാഘോഷം; പ്രധാനവേദികളെ ബന്ധിപ്പിച്ച് ഇലക്ട്രിക് ബസ് സർവീസ്

തിരുവനന്തപുരം: ഓണം വാരാഘോഷദിനങ്ങളിൽ നഗരത്തിലെ പ്രധാനവേദികളെ ബന്ധിപ്പിച്ച് രാത്രി 12 മണി വരെ ഇലക്ട്രിക് ബസ് സർവീസ് ഉണ്ടാകും. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം തുടങ്ങിയവയാണ് ഓണം വാരാഘോഷത്തിന്റെ പ്രധാന വേദികൾ. ബസിന്റെ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. 30 രൂപ ടിക്കറ്റ് എടുത്താൽ ഒരുദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാൻ കഴിയും. ഓണാഘോഷവേളയിൽ നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് വേദികളെ ബന്ധിപ്പിച്ച് ഇലക്ട്രിക് ബസ് സർവീസ് ഏർപ്പെടുത്തിയത്. പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പരമാവധി പൊതു ഗതാഗതസംവിധാനം ഉപയോഗിക്കണമെന്ന് ആന്റണി രാജു ആഹ്വാനം ചെയ്തു.