മോദി ഇനിയെങ്കിലും മിണ്ടണം; ചൈന വിഷയത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഒരിഞ്ച് ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ചൈന കടന്നുകയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം. ചൈന മാപ്പ് പ്രസിദ്ധീകരിച്ചത് ഗൗരവമുള്ള സംഭവമാണ്. മോദി ഇനിയെങ്കിലും സംസാരിക്കണമെന്ന ആവശ്യവും രാഹുൽ മുന്നോട്ടുവെച്ചു.

അതേസമയം, ഇന്ത്യയുടെ ഭൂഭാഗങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ചൈനയെ നയതന്ത്ര മാർഗത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ സങ്കീർണമാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തേക്കുറിച്ചുള്ള ചൈനയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഇന്ത്യ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ അരുണാചൽ പ്രദേശ്, 1962-ലെ യുദ്ധത്തിൽ പിടിച്ചടക്കിയ അക്സായ് ചിൻ എന്നീ പ്രദേശങ്ങൾ അടക്കമുള്ളവ രാജ്യത്തിന്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടാണ് ചൈന തങ്ങളുടെ പുതിയ ഭൂപടം പുറത്തിറക്കിയത്. ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഭാഗമാണ് ഇന്ത്യയുടെ അരുണാചൽ പ്രദേശ്. തർക്കം നിലനിൽക്കുന്ന തയ്വാൻ, നയൻ ഡാഷ് ലൈൻ തുടങ്ങിയ പ്രദേശങ്ങളും ചൈന പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.