തിരുവനന്തപുരം: എ ഐ ക്യാമറയ്ക്ക് മുന്നിലെ ട്രാഫിക് നിയമലംഘനങ്ങളിൽ വി.ഐ.പി.കൾക്ക് ഇളവുനൽകുന്നത് രാജ്യത്തെ നിയമമനുസരിച്ചാണെന്ന മന്ത്രിയുടെ വാദത്തെ കുറിച്ചുള്ള സംശയം പലർക്കുമുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒരു ഉത്തരവും പോലീസിന്റെയോ മോട്ടോർ വാഹനവകുപ്പിന്റെയോ കൈവശമില്ലെന്നാണ് വിവരാവകാശമറുപടിയിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷനേതാവ്, ജഡ്ജിമാർ, മറ്റു പ്രധാനപദവികൾ വഹിക്കുന്നവർ, ക്രമസമാധാനപരിപാലനത്തിനായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ എന്നിവരുടെ വാഹനങ്ങൾക്കാണ് നിലവിൽ ഇളവ് നൽകിയിരിക്കുന്നത്. രാജ്യത്തെ നിയമമനുസരിച്ചാണ് ഇതെന്നായിരുന്നു അധികൃതർ നൽകിയ വിശദീകരണം.
വി.ഐ.പി.വാഹനങ്ങളെ ഒഴിവാക്കാൻ സോഫ്റ്റ് വെയറിൽ മാറ്റവും വരുത്തിയിരുന്നു. ഗതാഗത വകുപ്പിൽ നിന്ന് നൽകിയിരിക്കുന്ന മറുപടി പ്രകാരം വിഐപികൾക്കോ വിവിഐപികൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്കോ എ.ഐ. ക്യാമറയിൽനിന്ന് ഇളവ് നൽകിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അടിയന്തരാവശ്യങ്ങൾക്കുള്ള വാഹനങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നതെന്നും വിവരാവാകാശ മറുടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിനാണ് വിവരാവകാശ മറുപടി ലഭിച്ചിരിക്കുന്നത്. വിഐപികൾക്ക് ഇളവുനൽകുന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചില്ലെന്നും മറുപടി വ്യക്തമാക്കുന്നു. എഐ ക്യാമറയിൽ നിന്ന് മന്ത്രിമാർക്ക് ഇളവുനൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടില്ല.

